സെന്റ് ഫ്രാൻസീസ് അസ്സീസി ആശ്രമം ഇടവക ദേവാലയം എലിഞ്ഞിപ്ര
ബെത്ലഹേം ആശ്രമമെന്നാൽ ഇന്ന് അത് ഒരു സമുച്ചയമാണ് . കപ്പുച്ചിൻ ആശ്രമവും, സെന്റ് ഫ്രാൻസീസ് പള്ളിയും,ബത്ലഹേം സോഷ്യൽ സെന്ററും, ബത്ലഹേം മൈനർ സെമിനാരിയും ഇവിടെ ഒരുമിച്ച് ഒരു കുടകീഴിൽ പ്രവർത്തിക്കുന്നു.
ആശ്രമവുമായി ബന്ധപ്പെട്ട ഘടകമാണ് പള്ളി. 06-12-1997ൽ കപ്പുച്ചിൻ സമൂഹത്തിന്റെ ആലുവ പ്രൊവിൻസിന്റെ അധിപൻ ഫാദർ ഡേവീസ് ഫ്രാൻസീസ് ചേരാമംഗലം അഭിവന്ദ്യ പിതാവിന് നൽകിയ അഭ്യർത്ഥനയോടെയാണ് ഈ പള്ളി ഔദ്യോഗികമായി ഇടവകയാകാനുള്ള തുടക്കം കുറിച്ചത്.19-01-1998 ലെ രൂപത കച്ചേരി നമ്പർ 94/98-ലെ നിർദേശ പ്രകാരം 21-05-1998ൽ അതിർത്തി നിർണയത്തിന്റെ വിവരങ്ങളോടുകൂടിയ ഭൂപടമടക്കം ഇടവക തിരിയുന്നതിനുള്ള അപേക്ഷ രൂപത കച്ചേരിയിൽ സമർപ്പിക്കുകയുണ്ടായി. പരിയാരം പള്ളി വികാരി ഫാ. ജോസ് വാഴപ്പിള്ളി കണ്‍വീനറായുള്ള ഇടവക തിരിക്കുവാനുള്ള കമ്മിറ്റിയിൽ എലിഞ്ഞിപ്ര (ചൌക്ക ) പള്ളി വികാരി ഫാ. ജോസ് മാളിയേക്കൽ ബത്ലഹേം ആശ്രമം സുപ്പീരിയർ ഫാ. ആന്റണി മഞ്ഞിയിൽ എന്നിവർ കമ്മിറ്റി അംഗങ്ങളായിരുന്നു. നാനാവിധ നിരീക്ഷണങ്ങൾക്കും ചർച്ചകൾക്കും പഠനങ്ങൾക്കും ആലോചനകൾക്കും ശേഷം 08-09-1998 ലെ രൂപത കച്ചേരി നമ്പർ 807/98 ഉത്തരവ് പ്രകാരം പുതിയ ഇടവകയ്ക്ക് ജന്മം നൽകികൊണ്ട് അഭിവന്ദ്യ പിതാവ് കല്പ്പന പുറപ്പെടുവിച്ചു. സെന്റ് ഫ്രാൻസീസ് അസ്സീസിയുടെ വിശ്വസ്ത പിൻഗാമികളായ ഈ കപ്പൂച്ചിൻ സാന്യാസിമാർക്ക് എലിഞ്ഞിപ്ര നിവാസികളിൽ ഫ്രാൻസീസ് അസ്സിസിയുടെ ആദർശങ്ങളും മൂല്യങ്ങളും വിശ്വാസതീക്ഷണതയും വളർത്താൻ കഴിഞ്ഞിട്ടുണ്ടെന്നു നിസ്സംശയം പറയാം.
വിശുദ്ധന്റെ തിരുന്നാൾ ഇവിടെ വളരെ ഭക്തിയോടും വിശ്വാസത്തോടും കൂടി ആചരിച്ചു വരുന്നു, ആയതുകൊണ്ട് ഫ്രാൻസീസ് പുണ്യവാളന്റെ തിരുനാൾ ദിനമായ ഒക്ടോബർ 4 തിയ്യതി (1998) ഈ ചാപ്പൽ ഇടവകയായി ഔദ്യോഗികമായി പ്രബല്യത്തിൽ വന്നപ്പോൾ ഫ്രാൻസീസ് അസ്സിസിയെ തന്നെയാണ് ഇടവക മദ്ധ്യസ്ഥനായി പ്രതിഷ്ഠിച്ചത്. എലിഞ്ഞിപ്രയ്ക്ക് അടുത്തുള്ള പരിയാരം, എലിഞ്ഞിപ്ര (ചൌക്ക) എന്നി ഇടവകകളിലെ കുടുംബങ്ങളാണ് പുതിയ ഇടവകയിൽ ചേർന്നത്. അന്ന് മുന്നൂറ്റി മൂന്നു കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഫാ. ആന്റണി മഞ്ഞിയിൽ ആയിരുന്നു ആദ്യ വികാരി. പിന്നീട് ഫാ. ജോസഫ് അനിൽ, ഫാ. തോമസ് പുത്തൂർ, ഫാ. ജോർജ് കുന്നേൽ, ഫാ. പോൾ മാടശേരി, ഫാ. വർഗ്ഗീസ് വടക്കൂട്ട്,എന്നിവർ വികാരിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫാ. ലോട്ടസ് മലേക്കുടി
ഇടവക വികാരി